പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ അംഗീകാരം ലഭിച്ച സ്ടീറ്റ് ലൈറ്റ് ലൈറ്റ് മെയിന്‍റ്റനന്സ് പ്രവൃത്തിയുടെ ടെൻഡർ ക്ഷണിക്കുന്നു.അവസാന തിയതി - 06/07/2026.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഈ പഞ്ചായത്ത് പ്രദേശത്തെ പല പ്രധാന സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞ 400 വര്‍ഷത്തെ ചരിത്രം പറയുവാനുണ്ട്. വളരെ പുരാതനമായ ഒരു ക്രിസ്തീയ ദേവാലയമാണ് പരീക്കണ്ണിക്കു സമീപമുള്ള സെന്റ് ജോര്‍ജ്ജ് യാക്കോബായ പള്ളി. പല്ലാരിമംഗലം ശിവക്ഷേത്രം, കൂവള്ളൂര്‍ ശിവക്ഷേത്രം മടിയൂര്‍ കാവ് എന്നിവ അതിപുരാതനങ്ങളായ ഹൈന്ദവ ആരാധനാലയങ്ങളാണ്. പരമശിവനും, മഹാവിഷ്ണുവും ഒരുമിച്ച് ഒരു മതില്‍ക്കെട്ടിനുള്ളില്‍ ഇരിക്കുന്ന കേരളത്തിലെ മൂന്ന് ക്ഷേത്രങ്ങളിലൊന്നാണ് പല്ലാരിമംഗലം ശിവക്ഷേത്രം. പല്ലാരിമംഗലം ജൂമാ മസ്ജിദ് ഈ പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന മുസ്ലീം പള്ളികളിലൊന്നാണ്. പ്രസിദ്ധരായ അനേകം ഇസ്ലാമിക പണ്ഡിതരെ വാര്‍ത്തെടുത്ത തെക്കന്‍ കേരളത്തിലെ പ്രശസ്തമായ ഒരു ദറസ് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിട്ട് 93 വര്‍ഷം കഴിഞ്ഞു. അടിവാട് ചന്ത കോതമംഗലം, മൂവാറ്റുപുഴ ചന്തകള്‍ ഉണ്ടാകുന്നതിനു മുമ്പേ തന്നെ ഉണ്ടായിരുന്നു. ഈ പ്രദേശത്തെ കാര്‍ഷിക വിഭവങ്ങളുടെ പ്രധാന വിപണിയായിരുന്നു ഈ ചന്ത. ഈ പഞ്ചായത്ത് പ്രദേശത്തെ ആദ്യത്തെ രണ്ട് വിദ്യാലയങ്ങളാണ് 1932-ല്‍ ആരംഭിച്ച അടിവാട് എല്‍.പി.സ്കൂളും, 1939-ല്‍ ആരംഭിച്ച പൈമറ്റം എല്‍.പി.സ്കൂളും. സാംസ്കാരിക രംഗത്തു വളരെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഒരു പ്രദേശമാണ് ഈ ഗ്രാമപഞ്ചായത്ത്. ജനങ്ങളില്‍ ഭൂരിഭാഗവും മുസ്ലീം സമുദായത്തില്‍പ്പെട്ടവരാണെങ്കിലും എല്ലാ സമുദായത്തില്‍പ്പെട്ടവരും ഏകോദര സഹോദരങ്ങളെപ്പോലെ വര്‍ത്തിക്കുന്നു. ഗ്രാമവാസികളുടെ ഉയര്‍ന്ന സാംസ്കാരിക നിലവാരമാണ് ഇതു സൂചിപ്പിക്കുന്നത്. 1948-ല്‍ ആരംഭിച്ച പല്ലാരിമംഗലം ദേശീയ വായനശാല പഞ്ചായത്തിന്റെ 8-ാം വാര്‍ഡില്‍ അടിവാടു സ്ഥിതി ചെയ്യുന്നു. കാര്‍ഷിക പശ്ചാത്തലമുള്ള ഗ്രാമീണമേഖലയാണ് പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്. ഇരുപ്പൂ നിലങ്ങളും ഒരുപ്പൂ നിലങ്ങളും അതിനോട് ചേര്‍ന്ന് കിടക്കുന്ന ചെറിയ കുന്നുകളോടും കൂടിയ കരപ്രദേശമുള്ള ഭൂപ്രകൃതിയായിരുന്നു. കരപ്രദേശത്തു പ്രധാനമായും തെരുവപ്പുല്ല്, കശുമാവ് എന്നിവ കൃഷി ചെയ്തിരുന്നു. ഭൂവുടുമകളും കര്‍ഷകത്തൊഴിലാളികളും ചെറുകിട കച്ചവടക്കാരും ഉള്‍പ്പെട്ടതായിരുന്നു ഇവിടുത്തെ കാര്‍ഷിക മേഖല. ഇവിടെ ഉല്പാദിപ്പിച്ചിരുന്ന പുല്‍ത്തൈലം, കശുവണ്ടി, ചുക്ക് മുതലായ ഉല്‍പ്പന്നങ്ങള്‍ തലച്ചുമടായും കാളവണ്ടിയിലും കുഴികണ്ടം കടവു കടന്ന് അടുത്ത വില്പന കേന്ദ്രമായ മൂവാറ്റുപുഴയിലെത്തിച്ചിരുന്നു. തെരുവുപ്പുല്ല് വാറ്റിക്കിട്ടുന്ന തൈലം, കശുവണ്ടി, കുരുമുളക് മുതലായവയായിരുന്നു പ്രധാന വരുമാന മാര്‍ഗ്ഗം.